തിങ്കളാഴ്‌ച, സെപ്റ്റംബർ 06, 2021

പഴഞ്ചൊല്ലുകളും സ്ഥലങ്ങളും ചരിത്രവും


പതിനെട്ടും പടുതോളും

സംഘങ്ങൾ അഥവാ പട്ടാളസഘങ്ങൾ തളിയാതിരിമാരുണ്ടായിരുന്ന കാലത്തു നിലനിന്നിരുന്ന ഒരു സംവിധാനമയിരുന്നു. കേരളത്തിൽ അന്നു തളികളും അതിനു അധികാരികാളായിരുന്ന തളിയധികാരികളും ഉണ്ടായിരുന്നു. സംഘങ്ങളായിരുന്നു പട്ടാളം.

പതിനെട്ടു സംഘങ്ങളെപ്പറ്റി അറിവുണ്ട്

 1. കണ്ടമാൻ 

2. പുളിക്കീഴ്

3. വേഴപ്പറമ്പ്

4. തത്തമംഗലം

5. പുറക്കടിഞ്ഞകം

6. കീഴ്വീതി

7. പുല്ലിപുലം

8. വെള്ളാങ്ങല്ലൂർ

9. തിടപ്പള്ളി

10. ചാഴിക്കാട്

11. പാലക്കാട്

12. ഭാസ്കരം

13. നാട്ടിയമംഗലം

14. ചുണ്ടക്കമണ്ണ്

15. ചോകിരം

16. ആറ്റുപുറം

17. താമരശ്ശേരി

18. നെന്മേനി

നെന്മേനി പിരിഞ്ഞ് പടുതോൾ എന്ന സംഘമുണ്ടായി. 

അപ്പോൾ പത്തൊമ്പതു സംഘമേന്നു പറയുന്നതിനു പകരം പതിനെട്ടും അവസാനമുണ്ടായ പടുതോളും എന്നൊരു പറച്ചിൽ , ഒരു ശൈലിയായി കാണാം.

****************************************************************


വെള്ളിയാഴ്‌ച, സെപ്റ്റംബർ 03, 2021

പഴഞ്ചൊല്ലുകളും കഥകളും

പച്ചപ്ലാവിലയാണോ എന്നാൽ കുറച്ചു കുടിക്കാം

മലയാളിയുടെ ഹിപ്പോക്രസി ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല. ദുരഭിമാനം വേണ്ടുവോളം , ഒന്നും അംഗീകരിക്കാൻ വയ്യ. എന്നാൽ എല്ലാം വേണം . ആരും കാണരുത് , അറിയരുത് എന്നാൽ എല്ലാം ആവാം. പകൽവെളിച്ചത്തിൽ പരമ മാന്യൻ...

ഇതൊക്കെയാണു ഇത്തരം ചൊല്ലുകൾ തുറന്നുകാട്ടുന്നത്

ഒരാൾ ഒരുനാൾ സുഹൃത്തിനെ കഞ്ഞികുടിക്കാൻ ക്ഷണിച്ചു . ദുരഭിമാനം ആ ക്ഷണം സ്വീകരിക്കാൻ അയാളെ അനുവദിച്ചില്ല. പക്ഷേ അയാൾക്കു അതു കുടിക്കണമെന്നുമുണ്ട് . വായിൽ വെള്ളമൂറുന്നു. പക്ഷേ വേണ്ടെന്നു പറഞ്ഞതു തിരുത്താനും വയ്യ. ഒടുവിൽ ഒരുപായം കണ്ടു. എല്ലാരും പച്ചപ്ലാവില കോട്ടിയാണു കഞ്ഞുകുടിക്കുന്നതു. ഉടനെ അയാളിതും പറഞ്ഞ് കഞ്ഞികുടിക്കാനിരുന്നു -'പച്ചപ്ലാവിലയാണോ എന്നാൽ കുറച്ചു കുടിക്കാം'

******************************************************************************പഴഞ്ചൊല്ലുകളും കഥകളും (വ്യംഗ്യാർത്ഥക്കഥകൾ)

അങ്ങേലെ ഒരിലച്ചോറ് കളയരുത്

ഇതുപോലുള്ള പലപല ചൊല്ലുകളുണ്ട് . വാക്യാർത്ഥത്തേക്കാൾ വ്യംഗ്യാർത്ഥമാകും അവയുടെ ഉപജ്ഞാതാക്കൾ അവയ്ക്കുള്ളിൽ കരുതിയിട്ടുണ്ടാകുക. ഒരുപക്ഷേ വാക്യർത്ഥത്തിനു വിപരീതമായ വ്യംഗ്യാർത്ഥമാകും പലതിനുമുണ്ടാകുക.

അങ്ങേലെ ഒരിലച്ചോറു കളയരുതു എന്നു പറഞ്ഞ കാലത്തെക്കുറിച്ചും പരിസരത്തെക്കുറിച്ചും ഒരു ധാരണ വേണം. അന്നു ഒരിലച്ചോറാകാം , ഇന്നു മറ്റുനാനാവിധത്തിലുള്ള ഭൗതികസുഖപ്രദാനികളെ പറ്റിയാകാം. അങ്ങനെയുള്ള ചില സൽക്കാരങ്ങളാകാം , വാഗ്ദാനങ്ങളാകാം . കാലാതിവർത്തിയും ദേശാതിവർത്തിയുമായി നിലനിൽക്കുന്നതാണു ഇത്തരത്തിലുള്ള  പല ചൊല്ലുകളും.

അങ്ങേലെ ഒരിലച്ചോറു കളയരുത് എന്നതിനു സമാനമായ ചില ചൊല്ലുകളുണ്ട് .
അയല്പക്കത്തൊരിലയുള്ളത് കളയരുത് എന്നു പറയും.
അയലത്തെ ഒരില ഉണ്ടുകളയരുത് എന്നു പറഞ്ഞാൽ അല്പം കൂടി വ്യക്തമാകും.
അടുത്തവീട്ടിലെ ഒരുനേരത്തെ ചോറ് ഉണ്ടു കളയരുത് എന്നു പറഞ്ഞാൽ വളരെ വ്യക്തം.

വാക്യാർത്ഥം നോക്കിയാൽ തോന്നുക, അയലത്തെ ഒരിലച്ചോറ് കിട്ടിയാൽ കളയരുത് കഴിക്കണം എന്നാകും. പക്ഷേ അങ്ങനെ കഴിച്ചാലോ ? പിന്നെ അതൊരു പതിവാക്കിയാലോ ? പതിയെ അതു നിലയ്ക്കും. പിന്നെ ഒരിക്കലും അതിനുള്ള ക്ഷണം പോലും കിട്ടാതാകും . അപ്പോൾ അയലത്തെ ഒരിലച്ചോറ് ഉണ്ണാനുള്ള ക്ഷണം സ്വീകരിക്കുക വഴി നഷ്ടമാകുന്നതു പിന്നെ ആ ക്ഷണത്തിനുള്ള യോഗ്യതയാണു്.

അവനവൻ്റെ ഇടം വിറ്റു തിന്നരുത് എന്നു ഗ്രാമ്യഭാഷയിൽ പറയാറുണ്ട്.

ഇനി കഥയിലേക്കു വന്നാൽ , ഒരു കർഷകൻ പറമ്പിൽ ദിവസവും നന്നായി അദ്ധ്വാനിക്കുമായിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ അയലത്തു ഒരു വീടു വെച്ച് ഒരു പുതിയ കുടുംബം താമസം തുടങ്ങി. താമസിയാതെ കർഷകനുമായി പുതിയ അയൽക്കാർ നല്ല ചങ്ങാത്തത്തിലായി . ഒരു ദിവസം ഉച്ച കഴിഞ്ഞും അദ്ധ്വാനിക്കുന്ന കർഷകനെ അയലത്തെ കുടുംബനാഥൻ ഊണു കഴിക്കാൻ ക്ഷണിച്ചു. കർഷകൻ ആ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു. പിന്നീട് പല ദിവസങ്ങളിലും കർഷകനു ആ കുടുംബത്തിൽ നിന്നും ക്ഷണമുണ്ടായെങ്കിലും ഒരിക്കൽ പോലും അയാൾ അവിടെ നിന്നു ഊണു കഴിച്ചില്ല. കാലമേറെപ്പോയി. കർഷകൻ വൃദ്ധനായി. മരണസമയത്ത് അയാൾ മകനെ അരികിൽ വിളിച്ചിട്ടു പറഞ്ഞു
                അങ്ങേലെ ഒരിലച്ചോറ് കളയരുത്
പിതാവിൻ്റെ മരണശേഷം മകൻ കൃഷികാര്യങ്ങളൊക്കെ നോക്കിനടത്തിക്കൊണ്ടിരുന്നു. ഒരു ദിവസം പറമ്പിൽ ജോലിചെയ്തുകൊണ്ടിരുന്ന അയാളെ അയലത്തെ താമസക്കരൻ്റെ മകൻ ഉണ്ണാൻ ക്ഷണിച്ചു. അയാൾ അച്ഛൻ പറഞ്ഞതോർത്തു. ഒരിലച്ചോറ് കളയരുതല്ലോ !
ക്ഷണം സ്വീകരിച്ചു ഉണ്ണാൻ ചെന്നു . പിന്നെ ഇതു പതിവായി. പതുക്കെപ്പതുക്കെ അയാൾ ക്ഷണിക്കാതെയും ഊണിനു ചെന്നു .അയാൾക്കതൊരു അവകാശവും അയൽക്കാരനു ഒരു ബാധ്യതയുമായി.
പിന്നെ പറയണോ . നീരസമായി . ഊണും നിന്നു. കണ്ടാൽ തമ്മിൽ മിണ്ടാതെയുമായി. ഒടുവിൽ ശത്രുക്കളുമായി ആ അയൽക്കാർ !!

അപ്പോഴെ അയാൾക്കു അച്ഛൻ പറഞ്ഞതിൻ്റെ ഉൾപ്പൊരുൾ മനസ്സിലായുള്ളൂ

അങ്ങേലെ ഒരിലച്ചോറ് എപ്പോഴും കളയണം എന്നാലെ അതിനുള്ള യോഗ്യത കളയാതിരിക്കാൻ പറ്റൂ.

ജീവിതത്തിലെ ഒരു പാഠം അയാൾ മനസ്സിലാക്കി..

**********************************************************************************
പെറ്റമ്മയ്ക്കു ചെലവിനും കൊടുക്കരുത് സന്ധ്യയ്ക്കു വിളക്കും കൊളുത്തരുത്

കേൾക്കുമ്പോൾ തോന്നുന്ന വാക്യാർത്ഥത്തിനു വിപരീദമാണു ഉൾക്കൊള്ളുന്ന ആശയം . 
പെറ്റമ്മയ്ക്ക് ചെലവിനു കൊടുത്താൽ പോര ! പകരം ആവശ്യമുള്ളടത്തോളം പണം എടുത്തുപയോഗിക്കാനുള്ള സ്വാതന്ത്ര്യം ആണു വേണ്ടതു . ചെലവിനു കൊടുക്കൽ എന്ന പരിധിയുള്ള കണക്കുനോക്കിയുള്ള പരിഗണന അല്ല വേണ്ടത് , മറിച്ച് പരിധിയില്ലാത്ത അവകാശവും സ്വാതന്ത്ര്യവും സ്നേഹവുമാണു മക്കൾ അമ്മയ്ക്ക് നൽകേണ്ടതെന്നണു വിവക്ഷ .
വിളക്കു കത്തിക്കാൻ സന്ധ്യവരെ കാക്കണ്ട , അങ്ങനെ സന്ധ്യ നോക്കിയിരുനാൽ ചിലപ്പോൾ സന്ധ്യ കഴിഞ്ഞാകും വിളക്കു കൊളുത്താനാകുക. അതുകോണ്ട് സന്ധ്യക്കു മുമ്പു വിളക്കുകൊളുത്തണം. അപ്പോൾ സന്ധ്യക്കു കൃത്യമായി വിളക്കു തെളിയുമെന്നു ഉറപ്പാക്കാം.

******************************************************************************

ഞായറാഴ്‌ച, ഓഗസ്റ്റ് 15, 2021

ന്യായങ്ങൾ - 5

  

ഗംഗാ സ്രോത ന്യായം

ഇന്ദ്രൻ മാറിയാലും ഇന്ദ്രാണിക്കു മാറ്റമില്ല


ഖട്ടകുടീപ്രഭാതന്യായം

ഖലാടബില്പീയന്യായം


അത്താഴത്തിനില്ലാത്തവൻ മുത്താഴത്തിനില്ലാത്തവനോടിരക്കുന്നു

അഷ്ടദാരിദ്ര്യം അമ്മയുടെ വീട് അതിനേക്കാൾ അമ്മായിവീട്


ചിത്രാംഗനാ ന്യായം

ഉണ്ടാൽ തീരുമോ വിശപ്പ് കണ്ടാൽ തീരുമോ


ജലമീനന്യായം

കുളത്തിൽകിടക്കുന്ന എരുമ കുടിച്ചോ കുടിക്കാതെയോ കിടക്കുന്നതെന്നാരു കണ്ടു

ഗോമയപായസീയന്യായം

അച്ഛൻ ആനക്കാരനായാൽ മകനു തഴമ്പുണ്ടാകുമോ

ഞായറാഴ്‌ച, ഓഗസ്റ്റ് 01, 2021

ഇംഗ്ലിഷ് പഴഞ്ചൊല്ലുകൾ English Proverbs -1

 

വായ്മൊഴിയായും വരമൊഴിയായും പകര്‍ന്നു കിട്ടിയ ചൊല്ലുകള്‍ ആസ്വദിക്കാനും പങ്കുവെയ്ക്കാനുമുള്ള ഒരു വേദിയാണിതു്. അതു പഴഞ്ചൊല്ലാകാം കവിതയാകാം ന്താശകലങ്ങളാകാം.....

This Blog is to share and study the Proverbs in Malayalam as well in other languages like English


Better - ൽ തുടങ്ങുന്ന ഇംഗ്ലിഷ് പഴഞ്ചൊല്ലുകൾ !


Better wise than wealthy

Better be mad with the crowd than wise by yourself

Better an empty purse than an ill tenant

Better be sure than sorry 

Better keep now than seek anon

Better a living beggar than a burried emperor

Better die a beggar than live a beggar

Better buy than borrow

Better on the bed supperless than rise in debt

Better late than never

Better say here it is than here it was

Better a finger off than always aching 

Better a tooth than always aching

Better bairns greet than bearded men

Better give a shilling than lend half a crown

Better hazard once than always in fear

Better speak to the master than to the man

Better spare to have thine own than ask of other man

Better slip with the foot than with the tongue 

Better pay the butcher than the doctor 

ബുധനാഴ്‌ച, ജൂലൈ 07, 2021

ന്യായങ്ങൾ - 4

 കപിമണീന്യായം

കുരങ്ങിനു മണികിട്ടിയാലുള്ള അവസ്ഥ . സ്ഥാനമാനങ്ങളോ സമ്പത്തോഅർഹതയില്ലാത്തവർക്കു ലഭിക്കുമ്പോൾ  , കിട്ടുന്ന വസ്തുവിൻ്റെ മഹത്വമോ ഉപയോഗമോ അറിയാത്തവരുടെ , അല്ലെങ്കിൽ മനസ്സിലാക്കാനാകാത്തവരുടെ അവസ്ഥ. 

കൊയ്യാൻ പോവാത്തവൾക്ക് നൂറരിവാളുണ്ടായാലും ഫലമില്ല

വെട്ടാൻ ശക്തിയില്ലാത്തവൻ്റെ അരയിൽ അമ്പത്തെട്ടരിവാൾ

അറുക്കാൻ ശക്തിയില്ലാത്തവൻ്റെ അരയിൽ ഒമ്പതരിവാൾ

കണ്ണില്ലാത്തവനെന്തിനു കണ്ണാടി

കാശില്ലാത്തവനെന്തിനു കീശ

ആടിനെന്തിനാ ആനച്ചങ്ങല

കുരങ്ങിനെന്തിനാ പൂമാല


കരബദരന്യായം

കയ്യിൽ പുണ്ണിനു കണ്ണാടി വേണ്ട

നേരെനോക്കിയാൽ തന്നെ കാണാം. അത്രയും വ്യക്തം. ആമുഖമോ വിശദീകരണമോ ആവശ്യമില്ല.

ഛിന്നഹസ്തന്യായം/ ദഗ്ദ്ധബീജന്യായം

പോയതുപോയതു തന്നെ . തിരികേ ചേർത്തുതുന്നിപ്പിടിപ്പിക്കാനാകത്ത, തിരുത്തുവരുത്താനാകാത്ത , കൈവിട്ടുപോയ കാര്യങ്ങൾ.

അണകടന്ന വെള്ളം അഴുതാൽ തിരിച്ചുവരുമോ

കൈവിട്ട കല്ലും വായ് വിട്ട വാക്കും


നിദ്രാണപ്രായഭാഗ്യന്യായം

ഭാഗ്യത്തിൻ്റെ പ്രാധാന്യം. 

അദൃഷ്ടശാലി മണ്ണുതൊട്ടാൽ അതും പൊന്ന്

(അദൃഷ്ടം-ഭാഗ്യം) ഭാഗ്യമുള്ളവൻ തൊട്ടാൽ മണ്ണുപോലും പൊന്നാകും. 

യോഗമുള്ളവൻ പല്ലക്കേറും

നേരേ മറിച്ചാണു ഭാഗ്യം കെട്ടവൻ്റെ കാര്യം. 

അദൃഷ്ടമില്ലാത്തവൻ്റെ പാൽ പൂച്ച കുടിക്കും

അദൃഷ്ടംകെട്ടവനു അറുപതു നാഴികയും വർജ്ജ്യം

അളകാപുരികൊള്ളയിട്ടാലും അദൃഷ്ടഹീനനു് ഒന്നുമില്ല


പൂർണ്ണകുംഭന്യായം

നിറകുടം. 

അരക്കുടം തുളുമ്പും നിറകുടം തുളുമ്പുകയില്ല

ആയിരം ഉള്ളവർ അമർന്നിരിക്കും അരപ്പണം ഉള്ളവർ ആടിത്തുള്ളും

ഉത്തമന് ഊശാൻ താടി മൂഢനു കാടും പടലും

ഇത് വെറും സമ്പത്തിൻ്റെ പ്രശ്നം മാത്രമല്ല. മനോഭാവത്തിൻ്റെ പ്രശ്നം കൂടിയാണു്.

അല്പനു ഐശ്വര്യം(അർത്ഥം) കിട്ടിയാൽ അർദ്ധരാത്രി കുടപിടിക്കും

മൂഢൻ രണ്ടുകയ്യിലും നാലുചിരട്ട പിടിച്ചുകൊണ്ടുപോകും


ഭേകപുഷ്കരന്യായം

അക്കരെപ്പച്ച

ഇക്കരെ നിന്ന് പുല്ലുതിന്നുന്ന പശുവിനു തോന്നുന്നത് , അക്കരെ കൂടുതൽ പുല്ലുണ്ടെന്നാണത്രേ!

അകലെക്കാണുന്നവയ്ക്കു ഭംഗികൂടുതൽ തോന്നുന്നു, അവിടെച്ചെല്ലുമ്പോൾ തോന്നും മുന്നിടമായിരുന്നു നല്ലതെന്നു്!

താരങ്ങളെപ്പോലെ! അകലെ നിന്നു കാണുമ്പോൾ കാല്പനികഭാവം , അടുക്കുമ്പോൾ അറിയാം യാഥാർത്ഥ്യം.

യഥേഷടം അനുഭവിക്കുന്ന സുഖങ്ങൾക്കു വിലതോന്നാത്ത മനുഷ്യസ്വഭാവം . മുഷിയുക എന്നതിൻ്റെ മന:ശാസ്ത്രം .


അക്കരെനിന്നാൽ ഇക്കരെപ്പച്ച ഇക്കരെനിന്നാൽ അക്കരെപ്പച്ച

അണിയത്തിരിക്കുമ്പോൾ അമരം സുഖമെന്നു തോന്നും

അമരത്തിരിക്കുമ്പോൾ അണിയം സുഖമെന്നും തോന്നും

തണ്ടിലിരിക്കുന്നവനു താഴത്തിറങ്ങണം താഴെനിൽക്കുന്നവനു തണ്ടിൽക്കേറണം

നിത്യക്കോഴിയ്ക്കു നിറമില്ല

മുറ്റത്തെമുല്ലയ്ക്കു മണമില്ല

അരികത്തുള്ളതിലാശയില്ല


കേമുതികന്യായം / ദണ്ഡാപൂപന്യായം

അമ്മിയുംകുഴവിയും ആകാശത്തുപറക്കുമ്പോൾ ഇലവിൻപഞ്ഞിയുടെകാര്യം പറയണോ

കല്ലിനെ കാറ്റെടുക്കുമ്പോൾ കരിയിലയെ വച്ചേക്കുമോ

കൊലകൊമ്പൻ പിഴയ്ക്കുമ്പോൾ മോഴയുടെ കാര്യം പറയണോ

വലിയ വലിയ വ്യവസായങ്ങൾ  തകരുമ്പോൾ ചെറിയവയുടെ കാര്യം പറയണോ . സുനാമി പോലെ , കൊടുങ്കാറ്റുകൾ പോലെ , മഹാമാരിപോലെ വ്യവസ്ഥകളുടെ തകർച്ച സംഭവക്കുമ്പോൾ, ദുരന്തങ്ങൾ ആഞ്ഞടിക്കുമ്പോൾ ചെറുമീനുകളുടെ അവസ്ഥ സൂചിപ്പിക്കുന്ന ന്യായം.

അണ്ഡകാണന്യായം

ആണില്ലാത്ത നാട്ടിൽ അമ്പട്ടൻ രാജാവ്


Labels: chollukal,പഴഞ്ചൊല്ലുകള്‍,ചൊല്ലുകള്‍,malayalam pazhamchollukal,proverbs on rain,mazha chollukal,pazhamchollukal

ചൊവ്വാഴ്ച, ജൂൺ 08, 2021

ന്യായങ്ങൾ - 3

ഉഷ്ട്രലഗുഡ ന്യായം / കുലകുഠാര ന്യായം

കുലംകുത്തികൾ , കുലദ്രോഹികൾ തുടങ്ങിയ പ്രയോഗങ്ങൾ സർവ്വസാധാരണമാണല്ലോ . സ്വന്തം കുലത്തിനു നേരെ തിരിയുന്നവരെ അല്ലെങ്കിൽ സ്വന്തം കുലത്തിനു നാശമുണ്ടാകുന്ന രീതിയിൽ വളർന്നു പോകുന്നവർ, സ്വവർഗ്ഗത്തിനു തന്നെ ദോഷമുണ്ടാകുന്ന രീതിയിൽ പരിവർത്തനം ചെയ്യപ്പെടുന്നവർ തുടങ്ങിയവരെ എല്ലാം പരമർശിക്കുന്ന സന്ദർഭത്തിൽ ഈ ന്യായം ഉപയോഗിക്കാം .

കോടാലിക്കമ്പ് ഉദാഹരണം . 

കോടാലിക്കമ്പ് കുലത്തിനു കേട്

മരത്തിനു കോടാലിക്കയ്യ് നാശം

കണ്ഠചാമീകര ന്യായം 

ഓരോ വ്യക്തിയും സ്വയമേവ ഏതുതരത്തിലെങ്കിലും സമ്പന്നനായിരിക്കും. പക്ഷേ അതു സ്വയം തിരിച്ചറിയാൻ പലർക്കും സാധിച്ചെന്നു വരില്ല . അത്തരക്കാർ തന്നിലൊളിച്ചിരിക്കുന്ന ആ പ്രത്യേകവൈശിഷ്യം അന്വേഷിച്ച് പലേടങ്ങളിലും അലയുന്നു..

വിളക്കിരിക്കെ തീയ്ക്കലയണോ

അടുപ്പിൽ തീ എരിയേ അയൽ വീട്ടിൽ പോയി തിരികൊളുത്തണോ

ഉറിയിൽ വെണ്ണ വച്ചിട്ട് ഊരൊക്കെ നെയ്ക്ക് അലയരുത്

വെണ്ണയും വച്ചുകൊണ്ട് നെയ്ക്കലയണോ

ഒക്കത്തിരിക്കുന്ന കുട്ടിയെ തൊട്ടിലിൽ തിരയുന്നു

കുപ്പായത്തിൽത്തന്നെ കുന്തം

കുരണ്ടിമേലിരുന്ന് കുരണ്ടി തപ്പുന്നു

തോട്ടത്തിൽ പഴമിരിക്കേ ദൂരെ പോകുന്നതെന്തിനു് 


വഹ്നിധൂമ ന്യായം

തീയും പുകയും . കാരണമില്ലാതെ കാര്യമില്ല

തീയില്ലാതെ പുകയുണ്ടാകുമോ 

പുകയുണ്ടെങ്കിൽ തീയുമുണ്ട്

തൂറാതെ നാറുകയില്ല

വിത്തുള്ളിടത്ത് വേരു്

ഓണം വരാനൊരു മൂലം വേണം [തിരുവോണം നാളിനു മുമ്പെ മൂലം നാൾ ] 

ന്യായവുമായി ബന്ധപ്പെടുത്താനാവില്ലെങ്കിലും കാര്യകാരണം സംബന്ധിക്കുന്ന ചില ചൊല്ലുകളുണ്ട്.

വനമുള്ളിടത്ത് അഗ്നി - പുഷ്ടിപ്പെട്ടാൽ അതു നശിപ്പിക്കാനുള്ള സ്വാഭാവികമാർഗ്ഗങ്ങളും താനേ വന്നുചേരും 

തേനുള്ളടത്തു ഈച്ചയാർക്കും - എന്തെങ്കിലും നേട്ടമുണ്ടാക്കാൻ കഴിയുന്ന പരിസരങ്ങളിൽ , അധികാരത്തിൻ്റെ ഇടനാഴികളിൽ, വിഭവങ്ങൾ യഥേഷ്ടം ലഭിക്കുന്നിടങ്ങളിൽ ആർത്തിപ്പണ്ടാരങ്ങളുടെ തള്ളിക്കേറ്റം സ്വാഭാവികം ..

നീരില്ലെങ്കിൽ മീനില്ല - അനുകൂലനത്തിൻ്റെ പ്രാധാന്യം

നൂലില്ലെങ്കിൽ മാലയില്ല - നിസ്സാരക്കാരനായാലും , പ്രത്യക്ഷത്തിൽ അനുഭവവേദ്യമല്ലെങ്കിലും നട്ടെല്ലുപോലെ പുറമ്മോടികളെ താങ്ങിനിർത്തുന്ന അപ്രശസ്തരെ ഓർക്കാം..

വൃഷപ്രകസന ന്യായം

അച്ചൻ ഒരൊച്ച അമ്മ ഒരു പച്ച

അച്ചിക്കു കൊഞ്ചുപക്ഷം നായർക്കു ഇഞ്ചിപക്ഷം

വൈതണ്ഡ്യ ന്യായം

ഞാൻ പിടിച്ചമുയലിനു കൊമ്പു മൂന്ന്

താൻ കൊണ്ട കാളയ്ക്കു കൊമ്പു മൂന്ന്വെള്ളിയാഴ്‌ച, മേയ് 28, 2021

ന്യായങ്ങൾ -2


അന്ധാനുഗതാന്ധ ന്യായം

അന്ധനു പിമ്പേ പോകുന്നവനും അന്ധനോടൊത്തു പതിയ്ക്കും കുഴിയിൽ

കുരുടൻ കുരുടനെ വഴി കാണിച്ചാൽ രണ്ടും കൂടെ പടുകുഴിയിൽ


അശ്വതരീഗർഭന്യായം / വൃശ്ചികഗർഭ ന്യായം

ഞണ്ടിനുണ്ടോ രണ്ടാം പേറു്

ഞണ്ട് മണ്ഡലി കായൽ വാഴ കുടപ്പന - പെറ്റാൽ ശേഷിക്കില്ല


ഉഷ്ട്രകണ്ടക ന്യായം

ചേട്ടയ്ക്കു പിണക്കവും അട്ടയ്ക്കു കലക്കവും നല്ലിഷ്ടം

ഞണ്ടിനു കലക്കൽ വേണം


നർത്തികാ ന്യായം

തുള്ളക്കാരനെ എല്ലാരുമറിയും തുള്ളക്കാരൻ ആരെയുമറിയില്ല

വെളിച്ചപ്പാടിനു പലേടമാണു

വെളിച്ചപ്പാടിനെ എല്ലാർക്കുമറിയാം വെളിച്ചപ്പാടിനു് ആരെയുമറിഞ്ഞുകൂടാ

ശാന്തിക്കാരൻ  കുളിച്ചുതൊഴുന്നവരെയെല്ലാം അറിയില്ല


ബീജാങ്കുര ന്യായം

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന പോലുള്ള സമസ്യകൾ

അണ്ടിയോ മാവോ മൂത്തതു

ആൺ മൂത്തതോ പെൺ മൂത്തതോ


രജ്ജുസർപ്പം

പൂറ്റിനരികേ വള്ളികിടന്നാൽ പാമ്പെന്നു  കരുതും


മാത്സ്യ ന്യായം

അതിജീവനത്തിൻ്റെ ന്യായം . വന്യമായ പ്രകൃതിയുടെ ന്യായം . സകലജീവജാലങ്ങളുടെയും പരിണാമത്തിൻ്റെ ന്യായം ..

ഊക്കുള്ളവർ ജീവിക്കും

കൈയൂക്കുള്ളവൻ കാര്യക്കാരൻ

ചെറുമീനെല്ലാം വലിയ മീനിന്നിര

ചേഴിയുള്ളവൻ ചേട്ടൻ

തൻ്റെകൈയ്യിലൊതുങ്ങുന്നതെല്ലാം തൻ്റേത്

വ്യാഴാഴ്‌ച, മേയ് 27, 2021

ദേഹലീദീപ ന്യായം / ഏകവൃന്തഫലദ്വന്ദ ന്യായം / വൃദ്ധകുമാരീ വാക്യ ന്യായം / കംബളനിർണേജന ന്യായം / സേചനതർപ്പണ ന്യായം

 

ഒരുവെടിക്കു രണ്ടുപക്ഷി എന്നാണു വിവക്ഷ . ദേഹലി (ഉമ്മറം) യിൽ ഇരിക്കുന്ന ദീപം അകത്തും പുറത്തും പ്രകാശം പരത്തും . ഒരേറിനു രണ്ടുഫലം വീഴുന്നപോലെ..

അച്ചിക്കുടുക്കാനും നായർക്കു പുതയ്ക്കാനും കൊള്ളാം 

അങ്കവും കാണാം താളിയുമൊടിക്കാം - പ്രാചീന കേരളത്തിലെ പ്രധാനവിനോദപാധിയും സൗന്ദര്യ വർദ്ധക(കേശസംരക്ഷണ) വസ്തുവും പ്രതിപാദിക്കുന്ന ചൊല്ല്. ചൊല്ലിൽ നിന്നു തന്നെ തെളിഞ്ഞു വരുന്നുണ്ട് അക്കലത്തെ ഒരു ശരാശരിക്കാരൻ്റെ മാനസികവ്യവഹാരവും ജീവിതാവസ്ഥയും ഒരു കാലഘട്ടത്തിൻ്റെ ചരിത്രവും എല്ലാം...

ഉപ്പും കൊള്ളാം വാവും കുളിക്കാം - വാവുകുളി (കറുത്തവാവിലെ കുളി , അതും കടലിൽ ) വളരെ പുണ്യം ലഭിക്കുമെന്ന വിശ്വാസം അല്പം വിരുതനായ ഒരു വിശ്വാസിയുടെ വിചാരത്തിൽ ഇങ്ങനെ ബഹിർസ്ഫുരിച്ചിരിക്കാം. കടലിൽ പോയി വാവിനു കുളിക്കുകയും ചെയ്യാം , പോരുമ്പോൾ കുറച്ചു ഉപ്പ് കൊണ്ടുവരുകയുമാകാം. 

ഉപ്പും വിൽക്കാം ഊരും കാണാം 

ഊട്ടും കാണാം ഉപ്പും വിൽക്കാം

കഴുത്തിലെ മിന്നും പോയി മനസ്സിനു സൗഖ്യവുമായി - ഇനി നഷ്ടപ്പെടാൻ ഒന്നുമില്ലാതായപ്പോൾ ലഭിച്ച മനസ്സമാധാനത്തെ സൂചിപ്പിക്കുന്നു.  ഒരു നെഗറ്റിവ് സ്പർശം ഉള്ള ചൊല്ല് 


ചൊവ്വാഴ്ച, മേയ് 25, 2021

അജാതപുത്ര നാമകരണ ന്യായം

 അജാതപുത്രൻ - ജനിക്കാത്ത പുത്രൻ

ജനിക്കാത്തപുത്രനു പേരിടുന്ന പ്രവൃത്തി ..

എല്ലാവരും ഭാവിയെക്കുറിച്ച് ആശങ്കയും പ്രതീക്ഷയും വച്ചുപുലർത്തുന്നവരാണു്. തോതു എറിയും കുറഞ്ഞുമിരിക്കും എന്നു മാത്രം. വലിയ പ്രതീക്ഷകൾ ഇന്നത്തെ വലിയ കരുതലിനും പദ്ധതുകൾക്കും വളം വയ്ക്കും . സ്വാഭാവികത വിട്ട് അസാധാരണാം വിധം അമിതമായാൽ ആ പ്രതീക്ഷയ്ക്ക് കൈവരുന്ന സ്വഭാവമാണു് അജാതപുത്രനാമകരണ ന്യായം.

ജനിക്കാത്തപുത്രനു പേരിടുന്ന പോലെ 

ഒരുതരത്തിൽ മൂഢപ്രവൃത്തിയോ വിഭ്രാന്തിയോ ആയി ഗണിക്കാം.

പിറക്കാത്ത കുട്ടിക്കു പേർ വിളിക്കുകയോ

ഉണ്ണി ഉണ്ടായിട്ടുവേണ്ടേ ഉപനയിക്കാൻ

ജനിക്കുന്നതിനു മുമ്പെ ജാതകം രചിക്കൊല്ല

പെണ്ണു വന്നിട്ടില്ല അപ്പളേയ്ക്കും കുട്ടിയ്ക്കു പേരു വിരുവെങ്കിടംന്ന്

കർക്കടകത്തിൽ കാതു കുത്താൻ ഇപ്പോഴേ കൈ വളയ്ക്കണോ

ആരുവാ മൊഴി കടക്കാൻ ഇവിടുന്നേ കുനിയണോ

കോട്ടാറ്റു കാതറുക്കാൻ ഇവിടെനിന്നും കൈ നീട്ടണോ

വിതയ്ക്കുന്നതിനു മുമ്പ് കൊയ്യുകയോ

അടുത്ത ജന്മം നായായേക്കാമെന്നു വച്ച് ഈ ജന്മം അമേധ്യം തിന്നാറുണ്ടോ

നീരൊലി കേട്ട് ചെരുപ്പഴിക്കണോ

അങ്ങുന്നെങ്ങാൻ വെള്ളമൊഴുകുന്നതിനു് ഇങ്ങുന്നെങ്ങാൻ ചെരുപ്പഴിക്കണോ? - പഴയ കാല ചെരിപ്പുകളുടെ ഗുണം, 'വെള്ളം കണ്ടാൽ നിൽക്കും കുതിര' എന്ന കടങ്കഥ സൂചിപ്പിക്കുന്ന പോലെയാണെങ്കിൽ വെള്ളമൊഴുകിയാൽ ചെരുപ്പഴിയ്ക്കണം . പക്ഷേ അങ്ങെവിടെയോ വെള്ളമൊക്ഷുകുന്നതിനു ഇവിടെ വേണ്ട എന്നു മാത്രം.

പുതപ്പു പൊള്ളാച്ചീലു് ഇവിടെ കാലിട്ടു കീറാൻ തുടങ്ങി -  പുതപ്പ് അങ്ങ് പൊള്ളാച്ചിയിൽ , ഇങ്ങെത്തിയിട്ടില്ല. പക്ഷേ അതിനെപ്പറ്റി തർക്കം ഇവിടെ തുടങ്ങി

Never ask pardon before you are accused

Never cross a bridge till you come to it

ബുധനാഴ്‌ച, മേയ് 12, 2021

ശംഖവേലാന്യായം

അറിവില്ലെങ്കിലും അറിവുണ്ടെന്ന് നടിക്കുന്ന ചിലരുണ്ട് . പൊങ്ങച്ചക്കാർ. പക്ഷേ , ചില അവസരങ്ങളിൽ അവർ പരീക്ഷിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ടാകാം . അപ്പോൾ എങ്ങനേയും രക്ഷപ്പെടാൻ പറയുന്ന ന്യായമുണ്ട് ; ഇന്ന കാര്യങ്ങളൊക്കെ ഉണ്ടെങ്കിലേ എൻ്റെ വിദ്യ പ്രയോഗിക്കാനാകൂ , ഇന്ന സ്ഥലത്തു പോയാലേ എനിക്കിതു സാധ്യമാകൂ എന്നൊക്കെ ... 

നിഴൽനോക്കിയും നക്ഷത്രങ്ങളുടെ സ്ഥാനം നോക്കിയും കാലവും സമയവും ഗണിക്കാൻ സിദ്ധിയുള്ളവരുണ്ടായുരുന്നു. അത്തരം സിദ്ധിയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ഒരാളോട് ആരോ ചോദിച്ചു - ഇപ്പൊ നേരം എത്രയായി എന്നു . അപ്പോൾ അയാൾ പറഞ്ഞതിങ്ങനെ 

എൻ്റെ പുളിയുടെ മൂട്ടിൽചെന്നാലേ എനിക്കു നേരമറിയാവൂ .

വിശാലമായ ആകാശത്ത് എവിടെ നിന്നു നോക്കിയാലും നക്ഷത്രത്തെ കാണാം . പക്ഷേ തൻ്റെ സ്വാധീനസ്ഥലത്തു നിന്നെങ്കിലേ അതു നോക്കാനും മനസ്സിലാക്കാനുമാകൂ എന്നു പറയുന്നതു , ഒന്നുകിൽ അഞ്ജാനി ഞ്ജാനമുണ്ടെന്നു അവകാശപ്പെടുന്നതു കൊണ്ടാകാം , അല്ലെങ്കിൽ പരിമിതി മൂലം . പരിമിതികൾ ബലഹീനത ആകുമ്പോൾ , അപരിചിതസാഹചര്യങ്ങളിൽ പരാജയം മണക്കുമെന്ന ഭയം !

എൻ്റെ അരപ്പന്തലിൽ പോയാലേ നക്ഷത്രമറികയുള്ളൂ

എൻ്റെ ആശാൻ്റെ എഴുത്തേ എനിക്കു വായിച്ചുകൂടൂ

എൻ്റെ ഉരുളികൊണ്ടളന്നാലേ ഉപ്പിടാൻ പറ്റൂ

നക്ഷത്രം കാണാൻ പുളിഞ്ചോട്ടിൽ പോകണം

ശനിയാഴ്‌ച, മേയ് 01, 2021

ഗഡ്ഢരികാ പ്രവാഹ ന്യായം / ഗതാനുഗതികാ ന്യായം / അന്ധപരമ്പര

ഗഡ്ഢരിക - ആട്

മുമ്പേ ഗമിക്കുന്ന ഗോവു തൻ്റെ 

പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം

 മുമ്പേ പോകുന്ന ആടിനെ നയിക്കുന്ന ചോദന എന്താണെന്ന് പിമ്പേ ഗമിക്കുന്ന ആരും അറിയുന്നുമില്ല, അറിയാനാഗ്രഹിക്കുന്നുമില്ല. ചില കൂട്ടത്തിൽ കൂടുമ്പോൾ വ്യക്തിയുടെ ലക്ഷ്യം നഷ്ടപ്പെടുന്ന അവസ്ഥ. ആൾക്കൂട്ടങ്ങളുടെ ഈ മാനസികനിലയെ പലരും ചൂഷണം ചെയ്യുന്നു. 

കൊമ്പൻ പോയതു മോഴയ്ക്കും വഴി

മദയാന ചെന്നതു മാർഗ്ഗം

ആന നന്ന നനഞ്ഞു ഞാനും കൂടെ നനഞ്ഞു.


വെള്ളിയാഴ്‌ച, ഏപ്രിൽ 30, 2021

ഗജനിമീലിത ന്യായം - പൊട്ടൻ കളിക്ക് പൊരുളെട്ട്

   
ആന നടന്നുപോകുമ്പോൾ ചുറ്റിലുമുള്ളതെല്ലാം അത് കാണുന്നുണ്ട് . ഒരുപക്ഷേ വലിയ ശരീരത്തിലെ ചെറിയ കണ്ണായതുകൊണ്ടാകാം , ഒന്നും അത് ശ്രദ്ധിക്കുന്നില്ല എന്നു തോന്നും. എന്നാലങ്ങനെ അല്ല

ആമയെ ചുടുമ്പോൾ മലർത്തിച്ചുടണേ ; ഞാനൊന്നുമറിഞ്ഞീലേ രാമനാരായണാ
- ഒരാൾ നാമം ജപിക്കുകയാണു . അപ്പോൾ മറ്റൊരാൾ , ഒരു വിഡ്ഢി, ആമയെ  ചുടുന്നതു കണ്ടു. പക്ഷേ ആമയുടെ പുറംതോടിലണയാൾ തീ കത്തിച്ചത്. അപ്പോൾ നാമം ജപിച്ചുകൊണ്ടിരുന്നയാൾ ഉരുവിട്ടതാണിത്. ഒരു പുണ്യപ്രവർത്തിക്കിടെ ഒരു ദുഷ്കർമ്മത്തിനു വിദഗ്ദ്ധമായി ഉപദേശം നൽകുക. എന്നാൽ അതിൽ പങ്കില്ലെന്നു വിശ്വസിക്കാൻ അല്ലെങ്കിൽ വിശ്വസിപ്പിക്കാൻ പുണ്യപ്രവൃത്തിയെത്തന്നെ മറയാക്കുക ..

എന്നെക്കണ്ടതാര് നിന്നെക്കണ്ടതാര്

ഈ ന്യായത്തെക്കുറിച്ച് പറയുമ്പോൾ ഓർമ്മ വരുന്ന മറ്റൊരു ചൊല്ലുണ്ട്

പൊട്ടൻ കളിക്ക് പൊരുളെട്ടാണ്.


വയനാട്ടുകുലവൻ എന്ന തൊണ്ടച്ചൻ തെയ്യം ഗജനിമീലിതസമമാണു. കണ്ടാൽ പൊട്ടനെപ്പോലെ . അതായത് കണ്ണും കണൂല്ല, ചെകിടും കേക്കൂല്ല. അതുകൊണ്ടാണല്ലോ പൊട്ടൻ കളി എന്നു പേരു വീണത്. എന്നാൽ വാസ്തവം അതല്ല. തൊണ്ടച്ചൻ തെയ്യം എല്ലാം കാണുന്നുണ്ട് , കേൾക്കുന്നുമുണ്ട് , അറിയുന്നുമുണ്ട്. എത്ര സൂക്ഷ്മമായി എന്നുവെച്ചാൽ കരിമ്പാറമേൽ പേനിരിയുന്നതു കാണാനും , നെല്ലിച്ചെപ്പു കൂപത്തിൽ വീഴുന്നതു കേൾക്കാനുമാകും . അതായതു പൊട്ടൻ കളിക്കു പൊരുളേറെയുണ്ട്.

വ്യാഴാഴ്‌ച, ഏപ്രിൽ 29, 2021

കൂപമണ്ഡൂക ന്യായം

 കൂപം - കിണർ

മണ്ഡൂകം - തവള

കിണറ്റിലെ തവള !

കിണർ തന്നെ ലോകമെന്ന് ധരിച്ചുവശായവർ!

നാലുചുവരുകൾക്കപ്പുറം പോകാനറിയാത്തവർ

ഓതിയ വേദങ്ങൾക്കപ്പുറം ഒന്നുമില്ലെന്നു അല്ലെങ്കിൽ അങ്ങനെയുള്ളതെല്ലാം നിഷിദ്ധമെന്നു ശഠിക്കുന്നവർ

വായിച്ചറിഞ്ഞതിനപ്പുറം ഒന്നും മനസ്സിലാക്കാനകാത്തവർ

വിശ്വാസങ്ങളുടെ , പ്രത്യയശാസ്ത്രങ്ങളുടെ കിണറുകളിൽ കിടക്കുന്നവർ

മൊബൈൽ ഫോണിൻ്റെയൊ കമ്പ്യൂട്ടറിൻ്റെയോ മുന്നിരുന്ന് അതിരുകള്ളില്ലാത്ത ലോകത്തേക്കെന്നു മൊഴിഞ്ഞു സഞ്ചാരം നടത്തുമ്പോഴും തൊട്ടയൽകാരനെ കണ്ടാലറിയാത്തവനും കിടക്കുന്നത് മറ്റൊരു കിണറ്റിൽത്തന്നെയാണു്.

കാലത്തെ അറിയാത്തവൻ , ചരിത്രത്തെ അറിയാത്തവൻ മറ്റൊരർത്ഥത്തിൽ കൂപമണ്ഡൂകമത്രേ

ഗോത്രം , ദേശം , രാജ്യം , ജാതി , മതം , ഭാഷ , വർഗ്ഗം , തൊഴിൽ , ലിംഗം , വംശം.... എത്രയെത്ര കൂപകാരണങ്ങൾ..

pride to prejudice and intolerance

ചിലപ്പോൾ സ്വയം കിണറ്റിലേയ്ക്ക് ചാടുന്ന മണ്ഡൂകങ്ങളുണ്ടാകാം

ചിലപ്പോൾ കിണറ്റിൽ ജനിച്ചു വളർന്നവയുമുണ്ടാകാം

എത്ര ശ്രമിച്ചാലും മണ്ഡൂകത്തിനു കിണറ്റിനു പുറത്തേയ്ക്ക് പോകാനുമാകില്ല.

അടുക്കളക്കുട്ടൻ്റെ ചാട്ടം കിണറ്റുവക്കോളം

ഇട്ടിയമ്മ ചാടിയാൽ കൊട്ടിയമ്പലം വരെ

ഓന്തു മൂത്താൽ ഉടുമ്പ്

ഓന്തോടിയാൽ വേലിക്കലോളം

കുനിയൻ മദിച്ചാലും ഗോപുരം ഇടിക്കാ

കുനിയം മദിച്ചാലും മുട്ടോളം

കുന്നി മുഴച്ചാൽ മഞ്ചാടി

കുപ്പച്ചീര കൊഴുത്തെന്നുവച്ച് കപ്പപ്പാമരമാകുമോ

കുഴിയാന മദിച്ചാൽ കൊലയാനയാവുമോ

കുറിച്ചി വളർന്നാൽ ആവോലിയോളം

കൂനൻ മദിച്ചാൽ ഗോപുരം കുത്തുമോ

കൂറപ്പേൻ ചുനത്താൽ കുതിരക്കുട്ടിയാകുമോ

കൊഞ്ചൻ തുള്ളിയാൻ മുട്ടോളം ഏറെത്തുള്ളിയാൽ ചട്ടിയോളം

കോടിക്കുന്നി കുന്നാകാ

ചെമ്മീൻ തുള്ളിയാലും മുട്ടിനുമീതെ പൊങ്ങാ

ചെറുവിരൽ മൂത്താൽ പെരുവിരലാകാ

ചേര മൂത്താൽ മൂർഖനാകുമോ

പഴഞ്ചൊല്ലുകളും സ്ഥലങ്ങളും ചരിത്രവും

പതിനെട്ടും പടുതോളും സംഘങ്ങൾ അഥവാ പട്ടാളസഘങ്ങൾ തളിയാതിരിമാരുണ്ടായിരുന്ന കാലത്തു നിലനിന്നിരുന്ന ഒരു സംവിധാനമയിരുന്നു. കേരളത്തിൽ അന്നു തളികളും ...