തിങ്കളാഴ്‌ച, ജനുവരി 08, 2007

മധുകരീന്യായം / പ്രതിപദം / ഷഡ്പദം


മധുകരം-വണ്ടു്‌; വണ്ടിനെപ്പോലെ പല പല പുഷ്പങ്ങളില്‍ നിന്നു തേന്‍ ശേഖരിച്ചു്‌ ഒരുമിച്ചൊരുക്കൂട്ടുന്ന പ്രവൃത്തിയെ സൂചിപ്പിക്കുന്നു. 

പാദം പാദം വച്ചാൽ കാതം കാതം പോകാം (പ്രതിപദം - ഓരോ ചുവടും എത്രചുവട് കഴിഞ്ഞെന്നോർത്ത് വേവലാതിപ്പെടാതെ തുടർന്നും ചുവട് വച്ച് വച്ച് ഒടുവിൽ ലക്ഷ്യത്തെത്തുക )

പലതുള്ളിപ്പെരുവെള്ളം
പയ്യെത്തിന്നാൽ പനയുംതിന്നാം
അടിച്ചതിന്മേല്‍ അടിച്ചാല്‍ അമ്മിയും പൊളിയും
കുന്നാണെങ്കിലും കുഴിച്ചാല്‍ കുഴിയും
വയറവള്ളിയായാലും കൂടിപ്പിണഞ്ഞുകിടന്നാല്‍ നന്നു്‌
ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാല്‍ ബലം തന്നെ
പല തോടു ആറായിപ്പെരുകും
മെല്ലെനെ ഒഴുകും വെള്ളം കല്ലിനെ കുഴിയെ ചെല്ലും

ശനിയാഴ്‌ച, ജനുവരി 06, 2007

അഗതികഗതിന്യായം

ഗതിമുട്ടുമ്പോള്‍ ചെയ്യുന്നതിനെ സൂചിപ്പിക്കുന്ന ന്യായം 

ഗതികെട്ടാല്‍(പോക്കറ്റാല്‍) പുലി പുല്ലും തിന്നും
ഗതികെട്ടാല്‍ ചാമയെങ്കിലും ചെമ്മൂര്യ (ചാമ-പുല്ലരി; ചെമ്മു്‌-ഭാഗ്യം , സ്വത്തു എന്നൊക്കെ വിവക്ഷിക്കാം) 
ഉറക്കത്തിനു പായ് വേണ്ട
കുടല്‍ കാഞ്ഞാല്‍ കുതിരവയ്ക്കോലും തിന്നും
പശിക്കുമ്പോള്‍ അച്ചി പശുക്കയറും തിന്നും
വിശപ്പിനു രുചിയില്ല

പട്ടന്മാരും ചുമടു ചുമക്കുമ- തൊട്ടും ദൂഷണമല്ല നമുക്കു ചതിപെട്ടാല്‍ പുനരെന്തരുതാത്തൂ? ഗതികെട്ടാല്‍ പുലി പുല്ലും തിന്നും -കുഞ്ചന്‍ നമ്പ്യാര്‍

വെള്ളിയാഴ്‌ച, ജനുവരി 05, 2007

കുഞ്ജരശൌചന്യായം

ന്യായം: കുഞ്ജരശൌചന്യായം കുഞ്ജരം=ആന; ആനയെ കുളിപ്പിച്ചു വിട്ടാലും എവിടെയെങ്കിലും പൊടിമണ്ണു കണ്ടാല്‍ വാരി സ്വന്തം ദേഹത്തു പൂശും. 
ചൊല്ലുകള്‍
'കുളിപ്പിച്ചാലും പന്നി ചേറ്റില്‍' 
'അട്ടയെപ്പിടിച്ചു മെത്തയില്‍ കിടത്തിയ പോലെ'
'നായുടെ വാലു പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും വളഞ്ഞേ ഇരിക്കൂ'
'പാമ്പിനു പാലു കൊടുത്താലും ഛര്‍ദ്ദിക്കുന്നതു വിഷം'
'ജാത്യാലുള്ളതു തൂത്താല്‍ പോകുമോ'
'തേനൊഴിച്ചു വളര്‍ത്തിയാലും കാഞ്ഞിരം കയ്ക്കും'
'കാഞ്ഞിരക്കുരു പാലിലിട്ടാലും കയ്പു തീരില്ല'
'ക്ഷീരം കൊണ്ടു നനച്ചാലും വേപ്പിന്റെ കയ്പു വിടുമോ'
'ഉള്ളിക്കു പാലൊഴിച്ചാല്‍ ഉള്‍നാറ്റം പോകുമോ'
സമാനമായ ചിലതു്‌
'പിത്തള മിനുക്കിയാല്‍ പൊന്നാവില്ല'
'കഴുതയ്ക്കു ജീനി കെട്ടിയാല്‍ കുതിര ആവില്ല' 'അങ്ങാടിപ്പയ്യു്‌ ആലയില്‍ നില്കില്ല'
'അഗ്രഹാരത്തില്‍ പിറന്നാലും നായ് വേദമോദില്ല'

വ്യാഴാഴ്‌ച, ജനുവരി 04, 2007

ഗര്‍ദ്ദഭമര്‍ക്കടന്യായം

ന്യായം :ഗര്‍ദ്ദഭമര്‍ക്കടന്യായം 
പഴഞ്ചൊല്ലുകള്‍ 
നീയെന്റെ പുറം ചൊറിയ് ഞാന്‍ നിന്റെ പുറം ചൊറിയാം
എന്നെച്ചൊറി ഞാന്‍ നിന്നെച്ചൊറിയാം
ഓന്തിനു വേലി സാക്ഷി വേലിക്കു്‌ ഓന്തു സാക്ഷി
പൂട്ടുമുറിച്ചവനു്‌ ഈട്ടിയറുത്തവന്‍ സാക്ഷി

ബുധനാഴ്‌ച, ജനുവരി 03, 2007

കുങ്കുമഗര്‍ദ്ദഭന്യായം

ന്യായം: കുങ്കുമഗര്‍ദ്ദഭന്യായം 

കവിമൊഴി:  'കുങ്കുമത്തിന്റെ വാസമറിയാതെ കുങ്കുമം ചുമക്കും പോലെ ഗര്‍ദ്ദഭം' 

പഴഞ്ചൊല്ലുകള്‍ 


'ചട്ടുവമറിയുമോ കറിയുടെ രസം' 
അളക്കുന്ന നാഴിക്ക് അരിവില അറിയാമോ
'തീവെട്ടിക്കാരനു കണ്ണു കണ്ടുകൂടാ' 
'അളക്കുന്ന നാഴിക്കു്‌ അരിവില അറിയാമോ' 'കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിന്‍ രുചിയറിയുമോ'
'ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദു്' 
'പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു'
'പശു കിഴടായാലും പാലിന്റെ രുചിയറിയുമോ' 'കലത്തിനറിയാമോ കര്‍പ്പൂരത്തിന്റെ ഗന്ധം'
'മണ്‍വെട്ടി തണുപ്പറിയുമോ' 
'കറിയുടെ സ്വാദു്‌ തവിയറിയില്ല' 
'ആടറിയുമോ അങ്ങാടിവാണിഭം'

പഴഞ്ചൊല്ലുകളും സ്ഥലങ്ങളും ചരിത്രവും

പതിനെട്ടും പടുതോളും സംഘങ്ങൾ അഥവാ പട്ടാളസഘങ്ങൾ തളിയാതിരിമാരുണ്ടായിരുന്ന കാലത്തു നിലനിന്നിരുന്ന ഒരു സംവിധാനമയിരുന്നു. കേരളത്തിൽ അന്നു തളികളും ...